യുദ്ധമുഖം

യുദ്ധമുഖത്താണ് നാം.

തെളിഞ്ഞ പ്രഭാതങ്ങളും
തണുത്ത വൈകുന്നേരങ്ങളും
ഭീതിയുടെ നിഴലിലാണ്.

കിളികളുടെ ചിറകടിയൊച്ചകളും
കതകടശബ്ദങ്ങളും ഭയത്തിന്റെ
കതിനകൾ പൊട്ടിക്കുന്നുള്ളിൽ.

കറുത്ത പുകയും തകർന്ന
കെട്ടിടങ്ങളും, ചിന്തിയ ചോരയും
കാഴ്ചകളെ മരവിപ്പിക്കുന്നു.

തലക്ക് മുകളിൽ തീമഴ
പെയ്യുന്നോയെന്ന് പരതിയാണ്
നാം നടക്കുന്നത്.

ഇനി നാം പരസ്പരമെന്ന്
കാണുമെന്നുള്ള ചിന്തയും,
ഭയത്തിന്റെ സൈറണുകളും
ഉറക്കത്തെ കൊന്നു കളയുന്നു.

മരണം മുകളിൽ മുരണ്ടു
പറക്കുമ്പോഴും മരണത്തെ
മറയാനുള്ള ഓട്ടത്തിലാണ്
നാം.

യുദ്ധമുഖത്താണ് നമ്മൾ.

Read more...