നക്ഷത്രവും സൂര്യനും

എൻ്റെ ജീവൻറെ വിത്തുകൾ
നിൻ്റെയുള്ളിൽ സ്വീകരിച്ചതിന്,
അതിന് പ്രാണനും ദേഹവും പകുത്ത്
നൽകിയതിന്,

നന്ദി.

അതിന് വേണ്ടി വിരഹവും വേദനയും
സഹിച്ചതിന്,
ഒടുവിലാ പിഞ്ചുടൽ
പിടഞ്ഞ് പുറത്തു വന്നപ്പോൾ
മാറോടണച്ചതിന്,
നിൻ്റെ ആഴമുള്ള കണ്ണുകൾക്കൊപ്പം
നിന്നെത്തന്നെ ആ തളിരിന് കൊടുത്തതിന്,

സ്നേഹം.

ഇരുട്ടിലാഴ്ന്നുപോകുമായിരുന്ന എനിക്ക്,
നിലാവും നക്ഷത്രവുമായി
നിന്നെ തന്നതിന്,
എൻ്റെ ജീവൻ്റെ വിത്തിൽ നിന്ന്,
നിന്നിൽ നിന്ന്,
സൂര്യകിരണം പോലെയൊരു
മകളെ തന്നതിന്,

ചുംബനം.

Read more...