നിലാപുഞ്ചിരി

തന്നെ കൊണ്ടുപോകാൻ
വന്ന കാലന്റെ കഴുത്തിൽ
കയറിട്ട് മുറുക്കുമ്പോൾ
അയാളുടെ കണ്ണുകൾ ശാന്തമായിരുന്നു.

സകല മായവുമറിയുന്ന
കാലന്റെ പ്രാണൻ
പിടഞ്ഞന്നേരം.

തന്നെക്കുരുക്കുവാൻ തക്കകരുത്ത്
അയാൾക്കെവിടുന്ന് കിട്ടിയെന്നോർത്ത്
കാലനൊരുനിമിഷം നിശ്ചലനായി.

സ്വയം വീണ്ടെടുത്ത കാലൻ
നൊടിനേരം കൊണ്ട്
അയാളുടെ കണ്ണുകളുടെ
ആഴങ്ങളിലേക്ക് കടന്ന് ചെന്നു.

അയാളുടെ കടലാഴങ്ങളിൽ
അന്നേരം കാലൻ കണ്ടത്
നിലാവ് പോലുള്ളൊരു
പുഞ്ചിരിയാണ്.

അയാളുടെ മകൾ,
അവളുടെ പുഞ്ചിരി.

അത് കാണുവാൻ തനിക്കിനിയും
കഴിയാതെ വരുമെന്ന്
തോന്നിയാൽ പ്രപഞ്ചത്തിലുള്ള
എന്തിനോടുമയാൾ ഒറ്റക്ക്
പടവെട്ടും.

ആ തിരിച്ചറിവ്
കാലന്റെ ചുണ്ടിലൊരു
ചെറുപുഞ്ചിരി വിരിയിച്ചു.

അയാളുടെ കുരുക്കിൽനിന്ന്
കാലൻ മന്ത്രവിദ്യയാൽ
മായുമ്പോൾ,
അയാളെ കാത്ത്
പ്രതീക്ഷയുടെ നിലാപുഞ്ചിരി
ആ കണ്ണുകളിൽ
പൂത്ത് നിന്നു.

Read more...