പ്രിയപ്പെട്ടൊരു കൂട്ടുകാരി

പ്രിയപ്പെട്ടൊരു കൂട്ടുകാരിയുണ്ട്, അവൾ വിഷമങ്ങളിൽ വീണ് പോകുമ്പോഴും സന്തോഷത്തിൽ മനസ്സ് നിറഞ്ഞ് നിൽക്കുമ്പോഴും ഒരു ഫോൺ വിളിയുടെ അങ്ങേത്തലയ്ക്കൽ നിന്ന് സമയഭേദമന്യേ എന്നെ മുട്ടി വിളിക്കാറുണ്ട്.

ആൾക്കൂട്ടത്തിൽ അവളെ കേൾക്കാൻ ആളില്ലാതെ ആയിപ്പോയത്‌ കൊണ്ടാണോ, അതോ ഞാൻ അവളുടെ ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളായതു കൊണ്ടാണോ എന്നറിയില്ല. സുഖദുഃഖങ്ങളുടെ ഒരുകെട്ട് കഥയുമായി അവൾ ഇടക്കെന്നെ തേടിയെത്തും.

നിലക്കാതെ പെയ്യുന്ന മഴപോലെയുള്ള അവളുടെ സംസാരങ്ങളെ മൂളി കേൾക്കുകയല്ലാതെ, ഞാൻ ഒന്നും തന്നെ ചെയ്യാറില്ല. അല്ലേലും മറിച്ചൊന്നും പറയാതെ ഒരാളുടെ കേൾവിക്കാരനാകുക എന്നാൽ അയാളുടെ ഹൃദയം ഉള്ളിൽ സൂക്ഷിച്ച് വെയ്ക്കുക എന്നാണല്ലോ. അത് കൊണ്ട് തന്നെ, ഇത് കേൾക്കടാ, എന്ന് വീണ്ടും വീണ്ടും പറഞ്ഞ് കനപ്പെട്ട നിരാശകളും നിറഞ്ഞ പ്രതീക്ഷകളും അവൾ പങ്ക് വെയ്ക്കും.

ചില മഴകൾ നനഞ്ഞ് തീർക്കാൻ ഉള്ളതാണെന്ന് പറയുന്നത് പോലെ അവളുടെ തോരാ മഴയിൽ ഞാൻ ഹൃദയപൂർവ്വം നനഞ്ഞ് നിൽക്കും.

ശേഷം, കഥയവസാനം ചോദ്യങ്ങൾ ചോദിക്കുന്ന കുട്ടിയെപ്പോലെയുള്ള എന്റെ ചോദ്യങ്ങൾക്ക് അവൾ ഉത്തരം തരും. എന്റെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുമ്പോഴേക്കും അവളുടെ ആകുലതകളുടെ പരിഹാരവും അവൾ കണ്ടെത്തിയിട്ടുണ്ടാവും. നീയാണ് വെളിച്ചം, ഞാൻ വഴികാട്ടി മാത്രമാണെന്ന് പതിവ്പോലെ ഞാൻ അന്നേരം അവളോട് പറയും. ഒരു ചെറുചിരിയിൽ അവൾ മറുപടിയൊതുക്കും.

ഒടുവിൽ സന്തോഷത്തിന്റെ കഥകൾ നമുക്ക് സൂക്ഷിച്ച് വെക്കാമെന്നും, സങ്കടത്തിന്റെ ഓർമ്മകൾ ഞാനെടുത്ത് കളഞ്ഞോളാമെന്ന് പറഞ്ഞ് ഞങ്ങളൊരു ധാരണയിലെത്തും. സമയവും കഥയും തീരാറായത് കൊണ്ട് അവൾ പിന്നെ വിളിക്കാമെന്ന് പറയും. ശരിയെന്ന് പറഞ്ഞ് ഞങ്ങൾ ഫോൺ വെക്കും.

കാലമെത്ര കഴിഞ്ഞാലും ഋതുഭേദങ്ങളിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടുമെന്ന് അറിയാമെന്നുള്ളത് കൊണ്ട്, ഞങ്ങൾ പരസ്പരം യാത്ര പറയാറില്ല.

Read more...