ചാത്തൻ

പൂർണചന്ദ്രനതിൻ്റെ
പൂർണ്ണതയിൽ നിൽക്കുമ്പോൾ,

ഇരുട്ടും രക്‌തവും
ഇഴപിരിഞ്ഞു കിടക്കുന്ന
നിന്റെ മുടിയിഴകൾ
കാറ്റിൽ നൃത്തം
ചെയ്യുമ്പോൾ

നിന്റെ
നീലമിഴികളിലേക്ക് ഞാൻ
നോക്കി നിൽക്കെ,
നീയെന്റെ ഞരമ്പുകളിലേക്ക്
ആഴ്ന്നിറങ്ങുക.

നിനക്കപ്പോൾ,
മരണത്തെ മായം
കാട്ടിയിരുന്ന എന്റെ
ചാരക്കണ്ണുകളിൽ,
യുഗങ്ങളായി നിന്നോടുള്ള
പ്രണയോന്മാദത്തിന്റെ
മന്ത്രച്ചുഴി കാണാം.

നീലി,
നിൻ്റെ നീലമിഴികളിൽ
അപ്പോളൊരു നിമിഷാർദ്ധം
ഞാൻ നിറയും.

“ചാത്തൻ”,
എന്ന് നീ മന്ത്രിക്കുന്ന
നിമിഷത്തിൽ
നീയറിയാതെ നിന്റെ
മുടിയിഴകൾ വീണ്ടും
നൃത്തം ചെയ്യുവാൻ
തുടങ്ങും.

Keep Reading...