ജീവിതം ഒരു മോണാലിസച്ചിരിയാണ്

ഒറ്റമരപ്പെയ്ത്തിനു ശേഷം ഞാൻ വായിക്കുന്ന ദീപനിശാന്തിന്റെ മൂന്നാമത്തെ പുസ്തകമാണിത്. നേരത്തെ വായിച്ചിട്ടുള്ള പുസ്തകങ്ങളിൽ ഉള്ളതുപോലെയുള്ള എഴുത്തുകാരുടെ ഓർമ്മക്കുറിപ്പുകളാണ് ഇതും.

ഇതിൻറെ പുസ്തകപ്രകാശനത്തിൽ അവർ പറഞ്ഞത്, ഇതുവരെ പുറത്തിറങ്ങിയ അവരുടെ പുസ്തകങ്ങളിൽ ഏറെ ഗൗരവത്തോടെ വായനക്കാർക്ക് മുന്നിൽ വയ്ക്കുന്ന പുസ്തകമാണിതെന്നാണ്.

അത് സത്യമാണെന്ന് ഇതിന്റെ വായനയിൽ എനിക്ക് തോന്നി. എഴുത്തുകാരിയുടെ മറ്റു പുസ്തകങ്ങൾ ഒരു മഴക്കാലമായിരുന്നെങ്കിൽ തൊട്ടാൽ വിരൽ മുറിയുന്ന പെരുമഴക്കാലമാണ് ഈ പുസ്തകം. ഇതിലെ ഓരോ കഥകളും നമ്മളിലോട്ട് ആഴത്തിൽ പെയ്തിറങ്ങും, അതിൽ നാം നനഞ്ഞും പൊള്ളിയും വായനയുടെ ഒരു കാലം കഴിച്ചു കൂട്ടും.

ദീപയുടെ കല്യാണദിവസം ആ പെരുമഴയത്ത് അവർ കടന്നുപോയ നിമിഷങ്ങളിലാണ് നാം ആദ്യം ചെന്നെത്തുക, അവർ നിന്നത്പോലെ ഒരു നിസ്സഹായനായി നാമും അതിൽ നിന്നുപോകും. ആ നിമിഷത്തിൽ നിന്ന് എഴുത്തുകാരി ഈ പുസ്തകം സമർപ്പിച്ചിരിക്കുന്ന അനുവിൽ നാം ചെന്നെത്തും. ജരാനരകൾ ബാധിക്കാത്ത അവരുടെ എക്കാലത്തെയും പ്രിയപ്പെട്ട വായനക്കാരനിൽ. അനുവിനെയും അവൻറെ മാതാപിതാക്കളായ രജനിയെയും സുരേഷിനെയും വായിച്ചുകഴിഞ്ഞപ്പോൾ ഞാനാകെ ഉലഞ്ഞ് പോയി. എങ്ങനെയായിരിക്കും ദുഃഖത്തിന്റെ മഹാസമുദ്രം അവർ നീന്തി കടക്കുന്നത്. അവരുടെ കണ്ണുനീർ ഒരു മുറിവ് പോലെയെന്റെ ഹൃദയത്തെ വേദനിപ്പിക്കാൻ തുടങ്ങി. അതിൽ നിന്ന് എനിക്ക് രക്ഷപ്പെടാൻ പറ്റില്ലെന്ന് എൻറെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു. 

ഒരു മമ്മൂട്ടി ആരാധകൻ എന്നുള്ളതുകൊണ്ട് ഞാൻ ‘മമ്മൂട്ടി സുബ്രു’ വിനെ വേഗം വായിച്ചു. 16 ലക്ഷത്തിലകം അധികം രൂപയുടെ ലോട്ടറിയെടുത്ത ആ മനുഷ്യൻ താരാരാധനയുടെ മൂർത്തി ഭാവമാണ്. മമ്മൂട്ടി എന്ന മഹാനടനെ മാത്രം ഉപാസിച്ച്, ജീവിതം ഹോമിച്ച അയാളെ മമ്മൂട്ടി തിരിച്ചറിഞ്ഞു എന്നത് മാത്രമാണ് എന്നെ ആശ്വസിപ്പിച്ചത്.

പല കുറിപ്പുകൾ സഞ്ചരിച്ച് പിന്നെ നമ്മൾ എത്തുന്നത് ജയാപ്പനിലാണ്. ഗൾഫിൽ നിന്ന് മടങ്ങിവരുന്ന പുള്ളി മുറ്റമടിക്കുകയും അസാമാന്യ രുചിയോടെ എന്തും പാചകം ചെയ്യുകയും ചെയ്യുന്ന ആളാണ്, പതിയെ അദ്ദേഹം ഒരു വീട് മുഴുവൻ ഏറ്റെടുക്കുന്ന മനോഹരമായ കാഴ്ച നമ്മൾ കാണും. ജയാപ്പൻ ഒരു മധുരമുള്ള കഥയാകുമ്പോൾ അപ്പുറത്ത് ജീവിതകാലം മുഴുവൻ വീട് ചുമന്ന് ജീവിതം തീർന്നു പോകുമ്പോൾ, ഒരു ജോലിയും ചെയ്യുന്നില്ലെന്നും പറയുന്ന സ്ത്രീജനങ്ങൾ നോവിന്റെ നനവാകും.

സ്ത്രീകൾ ഈ ലോകത്ത് നേരിടേണ്ട മുറിവുകൾ ഇങ്ങനെ പലയിടത്തും എഴുത്തുകാരി കുറിച്ചു വെയ്ക്കുന്നുണ്ട്. പരാജയപ്പെട്ടു പോകുമ്പോൾ തിരികെ കയറി വരാൻ ഒരു കൂടില്ലാത്തവരും, മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് സ്വന്തം ജീവിതം ഹോമിക്കേണ്ടി വരുന്ന ജന്മങ്ങളെയും, കാമകണ്ണുകളുടെ മുറിപ്പാടുകൾ ഒരു ജീവിതം മുഴുവൻ കൊണ്ടുനടക്കേണ്ടി വരുന്ന പെൺകുട്ടികളെയും ഈ കുറിപ്പുകളിൽ കാണാം, അവർ എല്ലാം നമ്മുടെ ഹൃദയത്തിൻറെ അടിത്തട്ടിൽ ഒരു നെരിപ്പോട് സൃഷ്ടിക്കും.

ജാതി വേർതിരിവ് കേരളത്തിൽ ഇല്ലായെന്ന് പലയിടത്തും പറയുന്ന നമുക്കുള്ള തിരുത്താണ് ‘ജാതി ഒരു മരമല്ലേ’ എന്ന കുറിപ്പ്. മകളെ പ്രണയിച്ച അന്യജാതിക്കാരനെ കൊന്നുകളഞ്ഞ ഈ നാട്ടിൽ, ജാതി വേർതിരിവ് ഇല്ലാത്തത് വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ മാത്രമാണെന്ന് എഴുത്തുകാരിയുടെ ഈ കുറിപ്പ് നമ്മളോട് ഉറക്കെ പറയും. 

ഒടുവിൽ നാം ‘ഓർമ്മയിൽ പെറ്റു പെരുകുന്ന ഒരാൾ’ എന്ന കുറിപ്പിൽ എത്തും. പ്രകാശ് മാഷിനെ കുറിച്ച് എനിക്കെന്ത് എഴുതണമെന്ന് അറിയില്ല. ഒരു കൂട്ടം മനുഷ്യനെ തന്നിലേക്ക് ചേർത്ത് നിർത്തിയിട്ട്, ഒരു മഴയുള്ള രാത്രിയിൽ അദ്ദേഹം പോയിക്കളഞ്ഞത് എന്തിനാണെന്ന് എനിക്കറിയില്ല. മാഷൊരു മേഘരൂപനായിരുന്നു. സെലീന ചേച്ചിയുടെ കാമുകനായും ഭർത്താവായും, സമരമുഖത്തെ മിന്നൽപിണരായ സഖാവായും, കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട അധ്യാപകനായും, ചുറ്റുമുള്ള എല്ലാവരെയും ചേർത്തുനിർത്തുന്ന മനുഷ്യനായും അദ്ദേഹം പകർന്നാടി. 

എങ്ങനെയാണ് ഒരു മനുഷ്യന് എല്ലായിടത്തും നല്ലതാകാൻ സാധിക്കുന്നതെന്ന് എനിക്ക് മനസ്സിൽ ആകുന്നില്ല. മാഷേ, നാം ഇതുവരെ കണ്ടുമുട്ടിയിട്ടില്ല, ഇനിയും കാണുകയുമില്ല, എങ്കിലും താങ്കൾ ഒരു വെളിച്ചം ആണെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. നന്ദി മാഷേ, ക്ഷണിക ജീവിതത്തിലും ഒരു മനുഷ്യന് ഇത്ര മനോഹരമായി ജീവിക്കാൻ സാധിക്കുമെന്ന് ഓർമ്മിപ്പിച്ചതിന്. പ്രിയപ്പെട്ട സെലീന ചേച്ചി ഇനിയും നിങ്ങൾ ഇരുവരും വറ്റിവരളാത്ത പ്രണയ സ്നേഹങ്ങളുടെ നദിയായി ഒഴുകുക. 

ഈ ഓർമ്മകുറിപ്പുകളുടെ വായനക്കിടയിൽ പലയിടത്തും ഞാൻ പുസ്തകം അടച്ചു വച്ചിട്ട് എന്നെ തന്നെ സമാധാനിപ്പിച്ചു. ഓരോ മനുഷ്യനും കടന്നുപോകുന്ന ദുഃഖത്തിന്റെ മഹാസമുദ്രം അവർ നീന്തികടക്കുമായിരിക്കും എന്ന് ഞാൻ എന്നെത്തന്നെ ആശ്വസിപ്പിച്ചു. ഇപ്പോൾ എഴുത്തുകാരിയുടെ ഓർമ്മകൾ എന്റേത് കൂടെ ആയിരിക്കുന്നു.

പ്രിയപ്പെട്ട ദീപാനിശാന്ത്, ഓർമ്മകൾ ഇങ്ങനെ ഭംഗിയായി വരച്ചിട്ടതിന്, എഴുത്തിന്റെ ‘തോറാന’ പെരുമഴയിൽ നനയുവാൻ അവസരം തന്നതിന്, നന്ദിയും സ്നേഹവും നേരുന്നു. കൂടുതൽ എഴുതാൻ കാലം അനുഗ്രഹിക്കട്ടെ.

Read more...