ഒറ്റമരപ്പെയ്ത്ത്

ഒന്നും വായിക്കാതെ മനസ്സ് വല്ലാതെ മുരടിച്ച് വരുന്നു. കുറെയായി, എന്തേലുമൊന്ന് ആർത്തിയോടെ വായിച്ച് തീർക്കണമെന്ന് കരുതിയിട്ട്. അപ്പോഴാണ് മരുഭൂമിയിലെ മഴ പോലെ മനോജേട്ടന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ ദീപാനിശാന്തിന്റെ രണ്ട്‍ പുസ്തകങ്ങൾ കണ്ടത്. ഒറ്റമരപ്പെയ്ത്തും, ജീവിതം ഒരു മൊണാലിസച്ചിരിയും. അവരുടെ തന്നെ “കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ” ഞാൻ വായിച്ചത് ആണ്. മനോഹരമാണ് അത്.

പിന്നെ ഒന്നും നോക്കിയില്ല, പുസ്തകം ചോദിച്ചു, തരാമെന്ന് പറഞ്ഞു, പിറ്റേന്ന് തന്നെ അനിയന്റെ കൈയ്യിൽ കൊടുത്തു വിട്ടു. രണ്ട് രാത്രി കൊണ്ട് വായിച്ചു തീർത്തു.

ചെറുകാടിന്റെ വരികൾ എഴുത്തുകാരി തന്നെ ആമുഖത്തിൽ പറയുന്നത് പോലെ, “എന്റെ മുരിങ്ങാച്ചുവട്ടിൽ നിന്നു കൊണ്ട് ഞാൻ കണ്ട നക്ഷത്രങ്ങൾ”. അതാണ് ഈ പുസ്തകം. ശരിക്കും പ്രകാശം പൊഴിക്കുകയും ചിലപ്പോൾ പൊളിക്കുകയും ചെയ്യുന്നു എഴുത്തുകാരിയുടെ ഓർമനക്ഷത്രങ്ങൾ.

ഈ കുറിപ്പുകളിൽ നാം പലതരത്തിലുള്ള മനുഷ്യരെ കണ്ടു മുട്ടും. വായന കഴിയുമ്പോൾ പലരും നമ്മളിൽ നിന്ന് മടങ്ങി പോകാതെ കൂടെ കൂടും. ഷക്കീല തൊട്ട് കവിതയെ ഉപാസിക്കുന്ന വല്യച്ഛൻവരെയുണ്ടാവും ആ കൂട്ടത്തിൽ. അവരുടെ കൂടെയുള്ള നടത്തങ്ങൾ നമുക്ക് വെളിച്ചം പകരും.

ഉടലുകൾക്കപ്പുറം എന്ന കുറിപ്പിൽ ഷക്കീലയാണ് നായിക, അവരെ വായിച്ച് കഴിയുമ്പോൾ അവരുടെ സിനിമകൾ ഇക്കിളിപ്പെടുത്തിയവരുടെയും വിമർശിച്ചവരുടെയും മനസ്സിൽ ഒരു നീറ്റലായി ഷക്കീല മാറും. കാലം മുറിവേൽപ്പിച്ച വല്യച്ഛനെയും ചന്ദ്രശേഖരൻ മാഷിനെയും എനിക്ക് മറക്കാൻ പറ്റുന്നില്ല. നഷ്ട്ടദുഃഖത്തിൻ്റെ കടൽ അവർ എങ്ങനെയായിരിക്കും കുറുകെ കടക്കുന്നത് എന്ന് ഓർത്ത് എനിക്ക് ഭയം തോന്നാറുണ്ട്.

ദൈവത്തിന് ചിലരെ വലിയ വിശ്വാസമാണെന്ന് ടെൻസി പറയുമ്പോൾ എനിക്ക് മനസ്സിലാകും അവരുടെ സമുദ്രഹൃദയത്തിൻ്റെ ആഴവും അഴലും. പുഴ പോലെ ഒഴുകുന്ന കാവുമ്പായി മാഷും, അകാലത്തിൽ യാത്ര അവസാനിച്ച സുനിലിന്റെ കഥയുമെല്ലാം നമ്മളെ ജീവിതത്തിന്റെ പല പാഠങ്ങളും പഠിപ്പിക്കും, പലതും ഓർമിപ്പിക്കും.

വാർദ്ധക്യം ഒറ്റപ്പെടുത്തിയ അച്ഛമ്മമാരെ എനിക്ക് നേരിട്ടറിയാം. എന്നായിരിക്കും അവരെ ചേർത്ത് പിടിക്കാൻ നമ്മുക്ക് കഴിയുന്നത്? പല ചോദ്യങ്ങൾക്കും ഉത്തരമില്ല. എഴുത്തുകാരിയുടെ പ്രണയവും ,പോരാട്ടവും, ലേബർ റൂമിലെ നിലവിളികളുമെല്ലാം വായിച്ചപ്പോൾ എനിക്ക് എൻ്റെ നല്ലപാതിയെയാണ് ഓർമ വന്നത്. ഒടുവിൽ ജോലി സമയത്ത് പുസ്തകം വായിക്കരുതെന്ന് പറഞ്ഞ ഷാർജയിൽ തന്നെ, ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ അതിഥിയായി അവർ വന്നപ്പോൾ ഞാൻ സന്തോഷിച്ചു.

ഈ വായനയിൽ ഉടനീളമുള്ള ഓരോ ഓർമ്മക്കുറിപ്പിലും ഞാൻ എന്നെയും എനിക്ക് ചുറ്റുമുള്ളവരെയും കണ്ടു. അങ്ങനെ എഴുത്തുകാരിയുടെ ഓർമ്മകൾ ഇപ്പോൾ എന്‍റേത് കൂടിയായിരിക്കുന്നു. ഒടുവിലീ ഓർമകളുടെ വെളിച്ചത്തിൽ ഞാൻ ആശ്വാസം കണ്ടെത്തുവാൻ ശ്രമിച്ച് കൊണ്ടിരിക്കുന്നു.

Read more...