ചോദ്യമിതാണ്

നിന്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കെ
നിന്നിലേക്ക് പരകായപ്രവേശം
നടത്തുവാനും, നിമിഷാർദ്ധം കൊണ്ട്
നിന്റെ നിശ്വാസങ്ങളുടെ
ആഴമളക്കുവാനുമെനിക്ക് കഴിയും.

നീ നിനച്ചിരിക്കാത്തപ്പോൾ
നിന്റെ ചുണ്ടിലെ മുത്തമാകുവാനും
നിന്റെ മനതാരിലെ മാന്ത്രികനാകാനും
ക്ഷണനേരം മതിയെനിക്ക്.

നീയാഗ്രഹിക്കുന്ന നിമിഷത്തിൽ
നിന്റെ നക്ഷത്രക്കാടുകളിൽ
മഴയായി പെയ്തിറങ്ങാനും
നിന്റെ ആഴങ്ങളുടെ അടിത്തട്ടിൽ
മറ്റൊരു നീയായി രൂപം
മാറുവാനുമെനിക്ക് സാധിക്കും.

നാമിരുവരുമിനി കാലത്തിന്റെ
നിശ്ശബ്ദനിമിഷത്തിൽ
അലിഞ്ഞ് ചേരുംവരെ,
നിനക്കൊപ്പം നടക്കാമെന്ന്
ഞാൻ വാക്ക് നൽകുന്നു.

ചോദ്യമിതാണ്,
ഇതാണോ പ്രണയം?
നീയാണ് ഉത്തരം തരേണ്ടത്.

Read more...