മഴ പെയ്യുമ്പോൾ

മഴ പെയ്യുമ്പോൾ
വീട്ടു വരാന്തയിൽ
വെറുതെയിരിക്കണം
ഇടക്കിടെ കുട ചൂടി
ഇറങ്ങി നടക്കണം.

മഴ തോരുമ്പോൾ
ചെടിയെല്ലാം നോക്കണം,
പിന്നെ കുഞ്ഞിനെ
എടുത്തോണ്ട് നടക്കാൻ
പോകണം.

മഴയിൽ കുതിർന്ന്
നിൽക്കുന്ന വഴികൾ
അവളെ കാണിക്കണം.
പൊടി പിടിച്ച് നിറം
മങ്ങിയ ടാറിട്ട റോഡ്
വീണ്ടും കറുത്തത്
അവൾ ശ്രദ്ധിക്കുമോ എന്തോ!

ആ വഴി വീണ്ടും നടക്കണം
മുന്നോട്ട്, മഴയത്ത്
വീണയിലകൾ അവൾക്ക്
പെറുക്കി കൊടുക്കണം.
എല്ലാ ചെറിയ കാര്യങ്ങളും
അവളുടെ കണ്ണിൽ
കൗതുകങ്ങൾ വിരിയിക്കും.

വഴിയിലെ ചെളിവെള്ളം
കാൽകൊണ്ട് തട്ടി
തെറിപ്പിക്കുമ്പോൾ
അവൾ ചിരിക്കുമാരിക്കും.

അപ്പോൾ ആരേലും
അയലത്ത് നിന്ന്
പറയുമാരിക്കും.
“കൊച്ചിനെ പനി പിടിപ്പിക്കാതെ
വീട്ടിൽ കൊണ്ട് പോകാൻ.”

ചിരി മാത്രമാരിക്കും
എൻ്റെ മറുപടി.
വീണ്ടും പൊടുന്നുടനെ
മഴ മുഴങ്ങുമ്പോൾ
അവളെയും കൊണ്ട്
വീട്ടിലേക്ക് ഓടണം.

മഴ പിന്നെയും കനക്കുമ്പോൾ
അവളെ നെഞ്ചിലുറക്കി
വരാന്തയിൽ വെറുതെയിരിക്കണം.

Read more...