അവർ എൻ്റെ ആരുമല്ല

പള്ളിയിൽ അന്നേരം മണി മുഴങ്ങുന്നുണ്ടാരുന്നു. ആരും കേൾക്കാനില്ലാതെ മണികൾ ഉറക്കെ ശബ്ദിച്ചകൊണ്ടിരുന്നു. കേൾക്കണ്ടവർ പുറത്തു പള്ളിയുടെ വാതുക്കൽ നില്പുണ്ടാരുന്നു. ആകത്തിരിക്കുന്ന ദൈവം ആരുടേതാണെന്ന് തർക്കിച്ചും പരസ്പരം പോരടിച്ചും അവർ പള്ളിയുടെ മുറ്റത്ത് കടിപിടി കൂടുകയാരുന്നു.

അത് കണ്ട് ദൈവം കരഞ്ഞകൊണ്ട് പള്ളിമണികൾ കൂട്ടിയടിച്ചു. ഇല്ലാ, അവർ കേൾക്കുന്നില്ല. ദൈവത്തിൻ്റെ ശബ്ദമവർ കേൾക്കുന്നില്ല. അവർ അന്നേരവും പള്ളിയുടെ കവാടങ്ങൾ കുത്തിത്തുറന്ന് അവകാശം സ്ഥാപിക്കുവാനും, കൈയ്കരുത്ത് കൊണ്ട് പരസ്പരം ശക്തിപ്രകടനം നടത്തുവാനുള്ള വ്യഗ്രതയിലാരുന്നു. പള്ളിയുടെ സ്വത്തിനും അധികാരത്തിനുമായി അവർ കാണിക്കുന്ന തെരുവ്നാടകങ്ങൾ കണ്ട് മനസ്സ് മടുത്ത ദൈവം വേദനയോടു കൂടി പള്ളി വാതിൽ തുറന്നിറങ്ങിപ്പോയി.

പള്ളി ഒറ്റക്ക് സ്വന്തമാക്കിയാലും തന്നെ പങ്കുവെക്കാതെ എങ്ങനെയവർക്ക് മനുഷ്യരായി തുടരുവാൻ കഴിയും. ദൈവവത്തിന് ഉത്തരമില്ലായിരുന്നു. ഹൃദയത്തിൽ സ്നേഹമില്ലാത്ത തൻ്റെ വിശ്വാസികളെന്ന് സ്വയം വിളിക്കുന്ന അവരെയോർത്ത് ദൈവം വിതുമ്പിക്കരഞ്ഞു.

നടന്ന് പോകുന്ന വഴി പള്ളി സെമിത്തെരിയുടെ മതിലിൽ എഴുതിയിരിക്കുന്നത് കണ്ട ദൈവം തലകുനിച്ചു. അത് ഇങ്ങനെയാരുന്നു,

“ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നത് പോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കണം എന്നുള്ളതാണ് എൻ്റെ കല്‌പന, യോഹന്നാൻ 15 : 12.”

അപ്പോഴും പുറകിൽ എൻ്റെ പള്ളി, എൻ്റെ പള്ളി എന്ന് പരസ്പരം പറഞ്ഞ് പോരടിക്കുന്ന ശബ്ദം കേട്ട ദൈവം തിരിഞ്ഞ് നോക്കാതെ പറയുന്നുണ്ടാരുന്നു, അവർ എൻ്റെയാരും അല്ല, ഞാൻ അവരെ അറിയുന്നില്ല.


Read More