ആരാണ് ഞാൻ

ആരാണ് ഞാൻ?! ജീവതത്തിൽ ഏറ്റവും കൂടുതൽ സ്വയം ചോദിച്ച ചോദ്യമാണിത്. എന്നിട്ടുമതിന് വ്യക്തമായ ഒരുത്തരം കണ്ടത്തുവാൻ കഴിഞ്ഞിട്ടല്ല ഇതുവരെ.

ബാല്യത്തിൽ ഈ ചോദ്യത്തിന് ഉത്തരം ലളിതമായിരുന്നു. ആരാണെന്നുള്ള ചോദ്യത്തിന് എൻ്റെ പേര് പറയുക. ആഹാ..! ലളിതം സുന്ദരം. കൗമാരത്തിൽ മാതാപിതാക്കളും കുടുംബപ്പേരും ചേർന്ന് ആ ഉത്തരത്തിൽ. ഉത്തരത്തിന് വ്യക്‌തത കൂടിയിരിക്കുന്നു എന്ന് ഞാൻ സ്വയം കരുതി.

പലതും തിരിച്ചറിഞ്ഞ തുടങ്ങുന്ന യൗവനത്തിൽ ഈ ചോദ്യം സ്വയം ചോദിച്ച തുടങ്ങിയപ്പോൾ ഉത്തരത്തിന് വ്യക്‌തത കുറയുന്നു എന്ന് തോന്നി തുടങ്ങിയത്. ആരാണ് ഞാൻ?! ആരാണെന്ന് ചോദിച്ചാൽ ഞാൻ തന്നെ. അല്ലാതെയാരാ. അപ്പോഴും ചോദ്യത്തിന് ഉത്തരമായില്ല. ഞാനാരാണ്.

അന്വേഷിക്കുക, അതാണേല്ലോ ഉത്തരം കണ്ടത്താനുള്ള വഴി. മുട്ടുവീൻ തുറക്കപ്പെടും എന്നാണല്ലോ !! അന്വേഷമാരംഭിച്ചു.

എവിടെ നിന്ന് തുടങ്ങണമെന്ന് തെല്ലും സംശയമില്ലാരുന്നു. എന്നിൽ നിന്ന് തന്നെ. നിശബ്തദയാമങ്ങളിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ തിരയാൻ തുടങ്ങി. അവിടെ നിന്ന് അച്ചടിച്ച പുസ്തകങ്ങളിലോട്ട് തിരച്ചിൽ നീണ്ടു. അവിടെ നിന്നും മനസിലാക്കാൻ സാധിച്ചില്ല. ഈ ചോദ്യമാവർത്തിക്കാൻ പറ്റിയ ഗുരുമുഖങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞതുമില്ല.

തിരച്ചിൽ തുടർന്നു, മുൻപൊട്ട് പോകുക എന്നുള്ളത് മാത്രമാണ് ഹൃദയത്തിൽ മുഴങ്ങുന്ന ശബ്ദം. എവിടെയേലും ഉത്തരം കാണാതെയിരിക്കില്ല. അത് കൊണ്ട് തന്നെ ഞാൻ ചുറ്റിലും ഇപ്പോഴും തിരയുന്നുണ്ട്, എവിടെയേലും എൻ്റെ ചോദ്യത്തിന് ഉത്തരമേ ഒളിഞ്ഞിരിപ്പുണ്ടോന്ന്.

അറിയില്ല, ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ സമയം എടുക്കാറുണ്ടല്ലോ. ഒറ്റ വാക്കിലുള്ള ചോദ്യത്തിന് അർത്ഥവ്യാപ്തി വലുതായി വലുതായി വരുന്നു. ഞാനാരാണ് ?! എൻ്റെ സ്വത്വമെന്താണ് ?! എൻ്റെ നിയോഗങ്ങൾ എന്താണ് ?! ഉത്തരങ്ങളുടെ വെളിച്ചം എനിക്കറിയുവാൻ കഴിയുമോ?!

ഇതേ ചോദ്യങ്ങൾ തന്നെ ചോദിച്ചവരാണ് ബോധമണ്ഡലങ്ങളുടെ പടവുകൾ കയറി ബുദ്ധനായതും ഭ്രാന്തനായതുമെന്ന് തോന്നിപ്പോകുന്നു. ഈ ചോദ്യത്തിന് അവസാനം ഞാൻ എന്തായിത്തീരുമ്മാരിക്കും?!! ബുദ്ധനോ ഭ്രാന്തനോ !! ആരായാലും ഒരു ചെറുപുഞ്ചിരി ബാക്കിയുണ്ടാവണം അവസാനം. തിരിച്ചറിവുകളുടെ പുഞ്ചിരി.

ആരാണ് ഞാൻ, ചോദ്യം തുടരട്ടെ.


Read More